03:03am 10 September 2026
NEWS
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി. സുധാകരൻ
12/03/2026  02:19 PM IST
NILA
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി. സുധാകരൻ

 

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ പ്രഖ്യാപിച്ചു. വ്യാഴാഴ്ച തന്റെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തീരുമാനം അദ്ദേഹം അറിയിച്ചത്. പാർട്ടി സ്ഥാനാർഥിക്കെതിരായല്ല മത്സരമെന്നും ആരുടേയും പിന്തുണ തേടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ അവഗണനയും ചില നേതാക്കളുടെ സമീപനവുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് സുധാകരൻ പറഞ്ഞു. താൻ ആരോടും പിന്തുണ തേടിപ്പോയിട്ടില്ലെന്നും, എന്നാൽ പുറത്തുനിന്നുള്ള പിന്തുണ ലഭിച്ചാൽ അന്നത്തെ സാഹചര്യങ്ങൾ വിലയിരുത്തിയാണ് നിലപാട് തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വലിയ കൺവെൻഷനുകളോ ചുവരെഴുത്തുകളോ നടത്തില്ലെന്നും തന്റെ രാഷ്ട്രീയ നിലപാടുകൾ ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ രംഗത്തെ ക്രിമിനൽവത്കരണത്തിനെതിരെയുള്ള പോരാട്ടമായിരിക്കും തന്റെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമെന്നും സുധാകരൻ വ്യക്തമാക്കി.

അമ്പലപ്പുഴ തിരഞ്ഞെടുപ്പ് സംബന്ധിച്ച് എളമരം കരീം സമർപ്പിച്ച റിപ്പോർട്ടിനെതിരെ അദ്ദേഹം ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു. റിപ്പോർട്ട് പൂർണമായും തെറ്റായതാണെന്നും പാർട്ടിക്കകത്ത് നിന്ന് തന്നെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് 22 ആരോപണങ്ങളടങ്ങിയ റിപ്പോർട്ട് തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. താൻ നൽകിയ 25 പേജുള്ള വിശദീകരണത്തിലെ ഒരു വരിപോലും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

അമ്പലപ്പുഴയിൽ ലഭിച്ച 23,000 വോട്ടിന്റെ ഭൂരിപക്ഷം വലിയ നേട്ടമാണെന്നും മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നേടിയ ഭൂരിപക്ഷത്തേക്കാൾ കൂടുതലാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായോ യു.ഡി.എഫുമായോ മത്സരവുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടില്ലെന്നും പാർട്ടി നേതാക്കൾ ആരും തന്നെ അനുനയിപ്പിക്കാൻ പ്രത്യേകമായി എത്തിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

പാർട്ടിയുടെ പ്രാഥമികാംഗത്വം ഒഴിഞ്ഞെങ്കിലും കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ ആക്ഷേപിക്കാനോ ഭരണഘടനയെ തള്ളിപ്പറയാനോ താൽപര്യമില്ലെന്നും അനുഭാവിയായി തുടരുമെന്നും വ്യക്തമാക്കി.

ഇതിനിടെ, സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്നതിനു പിന്നാലെ ജില്ലാ സെക്രട്ടറി ആർ നാസർ ഉൾപ്പെടെയുള്ള നേതാക്കൾ സുധാകരനെ വീട്ടിലെത്തി കണ്ടിരുന്നു. കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാതയുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രി പിണറായി വിജയൻ സുധാകരനുമായി ഫോണിൽ സംസാരിച്ചതായും സൂചനയുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img